non resident malayalis എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
non resident malayalis എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

17 നവംബർ 2007

എന്റമ്മേ കള്ളന്‍ !!

"നിലാവില്‍ യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു... "

ദല്‍ഹിയിലെ മയൂര്‍ വിഹാറിലെ ഫ്ലാറ്റിലിരുന്നു ലാലേട്ടന്റെ ആറാം തമ്പുരാന്‍ കാണുകയാണ്.

നവംബറിന്റെ അവസാന ദിവസങ്ങള്‍... തണുപ്പ് തകര്‍ക്കുന്നു.

ലോഥി റോഡിലെ ഓഫീസിലെ പണി കഴിഞ്ഞ് ഒരു മണിക്കൂര്‍ ബസ് യാത്ര ചെയ്തു്‌ ഇങ്ങെത്തും പോഴേക്കും ക്ഷീണം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തോമസിന്റെ ന്യൂ കേരളാ റെസ്റ്റോറന്റില്‍ നിന്നും കഴിച്ച ഊണും ചിക്കന്‍ കറിയും ദഹിക്കുവാന്‍ സമയമെടുക്കും! അതുകൊണ്ട് ടിവിയുടെ മുന്നിലേക്ക് ശരീരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ട്, നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ഒപ്പിക്കന്നതെങ്ങനെയെന്ന ചിന്തയില്‍ എന്നത്തേയും പോലെ മനസ്സിനെ മേയാന്‍ വിട്ടു.

ഈ തോമസിന്റെ ക്യാരക്ടര്‍ എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ ! 'സാറേ... നല്ല പോത്തിറച്ചി ഉണ്ട് എടുക്കട്ടെ ?' എന്ന ചോദ്യത്തില്‍ വെറും ബിസിനസ്സ് തന്ത്രം മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി, കാരണം ചിലപ്പോള്‍ ഒരു ഫിഷ് ഫ്രൈ കൊണ്ടു വാ എന്ന നിര്‍ദ്ദേശത്തിന് പ്രതികരണം, വളരെ അടുത്തു വന്നു സ്വകര്യമായി 'വേണ്ട സാധനം അത്ര ശരിയല്ല...' എന്നായിരിക്കും ! ഇതേ സാധനം അടുത്ത ടേബിളില്‍ ഏതെങ്കിലും ഹിന്ദിക്കാരന്‍ വെട്ടി വിഴുങ്ങുന്നുണ്ടാകും... ഓഫീസില്‍ പോലും പബ്ലിക്കായി അധോവായു വിക്ഷേപിച്ച് അന്തരീക്ഷമലിനീകരണം നടത്താന്‍ മടിക്കാത്ത തനി ദില്ലീ വാലകള്‍ക്ക് തോമസ് വക സ്പെഷ്യല്‍... അല്ല പിന്നെ...

എങ്ങനെയുണ്ട് മലയാളികളുടെ സ്വന്തം തോമസ്സ് ? മകന് ഒരു വയസ്സായപ്പോള്‍ നടത്തിയ ബര്‍ത്ത് ഡേ പാര്‍ട്ടി കിടിലമാക്കിക്കളഞ്ഞു ഈ തോമസ് !

"എടാ ചെങ്കളം മാധവാ... നിന്നെക്കുറിച്ച് ഞാന്‍ കേട്ടു... പോയി ആളെ കൂട്ട് ... ഞാന്‍ വരും..."

ഇടയ്കൊന്ന് മയക്കത്തിലേക്കു വഴുതിയ മനസ്സൊന്നുണര്‍ന്നു. ജഗന്നാഥന്‍ രോമാഞ്ചം കൊള്ളിക്കുവാന്‍ തുടങ്ങുന്നു. ഇവിടുത്തെ പ്രധാന കേബിള്‍ ടിവി ഓപ്പറേറ്റര്‍ മലയാളിയാണ്. ചില കടകളുടെ പേരു പോലും മലയാളത്തില്‍ കാണാം. കൈരളി സ്റ്റോറും ഡോ. വി. കെ. ജി. നായരും ഹോമിയോ ഡോ. രാജപ്പനും ഇവിടുത്തേ മലയാളികളുടെ മാത്രമല്ല മറ്റെല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്.

മണി പതിനൊന്നാകുന്നു. ഭാര്യയ്ക്ക് നാട്ടില്‍ ജോലികിട്ടിയതിനു ശേഷം കുറച്ച് നാളായി ഈ ഫ്ലാറ്റില്‍ ഒറ്റയ്ക്കാണ്. പേടിയില്ല... മുകളിലും താഴേയും എതിരെയും എല്ലാം മലയാളി ഫാമിലികളാണ് താമസം.

ജഗന്നാഥനും ചെങ്കളവും മഴയത്ത് പോരു തുടങ്ങുവാനുള്ള ഒരുക്കമാണ്.

ലാലേട്ടന്റെ സൂക്ഷ്മ ഭാവങ്ങള്‍ കണ്ടെത്താനുള്ള ആ ജിജ്ഞാസ ഉണര്‍ന്നു. ആ വിരലുകളും അഭിനയിക്കുകയാണോ? ജഗന്നാഥന്റെ ബുള്ളറ്റിന്റെ ക്ലോസപ്പ് !

വയറിലൊരു കാളല്‍... ചെങ്കളത്തിനല്ല...എനിക്ക് ! ഇരിക്കുന്ന കസേരയ്ക് പിറകില്‍ ആരോ ഒരാള്‍ ഉണ്ട് ! മാനസികമായി തളര്‍ത്തുവാന്‍ കസേര പിടിച്ചു കുലുക്കുകയാണ്...

ഏയ് ഒന്നുമില്ല... സ്വയം ന്യായീകരിക്കുവാന്‍ ശ്രമിച്ചു.

തിരിഞ്ഞു കസേരക്ക് പിറകിലേക്ക് നോക്കുവാന്‍ ധൈര്യം പോരാ... പുറത്തേ തണുപ്പ് കരളിലേക്ക് അടിച്ച് കയറുന്നത് പോലേ !

എന്റമ്മേ കള്ളന്‍ !! ഏതാണ്ട് ഉറപ്പായി...
ഒന്നുമറിയാത്തതു പോലെ രക്ഷയ്ക്കായി ജഗന്നാഥനെ നോക്കി...
എന്താണീ കാണുന്നത്... ജഗനും ചെങ്കളവും ടിവിയൂം സ്റ്റാന്റും എല്ലാം കിടന്നു കുലുങ്ങുന്നു...

ഒരുള്‍ക്കിടിലത്തോടെ മനസ്സിലായി... കള്ളനല്ല കുലുക്കിയത്... ജഗന്‍ തന്നെയായിരുന്നു... സാക്ഷാല്‍ ജഗന്നാഥന്‍ ! സര്‍വ്വേശ്വരന്‍ ! ഡല്‍ഹി ഉള്‍പ്പെടുന്ന ഭുമിയില്‍ പിടിച്ചു കുലുക്കുകയായിരിന്നു !

വളരെ പതിഞ്ഞ ആവൃത്തിയിലുള്ള ഒരു കല പില ശബ്ദം കേള്‍ക്കുന്നുണ്ട്‌ . ഫ്ലാറ്റ്‌ സമുച്ചയം ഒന്നാകെ കുലുങ്ങുന്ന ശബ്ദമാണ്‌. ആദ്യ അനുഭവമായതിനാല്‍ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം പതറിയെങ്കിലും പെട്ടെന്ന് ടിവി ഓഫ് ചെയ്ത് കതക്‌ തുറന്ന് വരാന്തയിലേക്ക്‌ ഇറങ്ങി. അതാ അടുത്ത ഫ്ലാറ്റുകളിലുള്ള എല്ലാവരും ധൃതിയില്‍ വെളിയിലേക്ക് ഇറങ്ങിക്കൊണ്ടിരിക്കുന്നു. അതിലൊരാള്‍ എന്റെ അമ്പരപ്പ് കണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചു...

ഭൂമികുലുക്കം !

നേരെ എതിരെയുള്ള ഫ്ലാറ്റില്‍ ഓഫിസില്‍ തന്നെയുള്ള സദാനന്ദനണ്ണനും കുടുംബവുമുണ്ട്. കതകില്‍ തട്ടി കാര്യം പറഞ്ഞു. ഞങ്ങളെല്ലാവരും പുറത്തിറങ്ങി റോഡില്‍ നില്‍പ്പായി. ഷര്‍ട്ട് ഇട്ടിട്ടില്ലെങ്കിലും തണുപ്പ് അറിയുന്നില്ല. കുറച്ചു നേരം അങ്ങനെ എല്ലാവരും നിന്ന ശേഷം ഓരോരുത്തരായി മസില് പിടിച്ച് മാളങ്ങളിലേക്ക് മടങ്ങി.
ഏതാണ്ട് രണ്ടു മാസം കഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കട്ടിലിനൊരാട്ടം.

എന്റമ്മേ കള്ളന്‍ !! അറിയാതെ പറഞ്ഞു പോയി

ഗുജറാത്തിലെ ഭുജിനെ തകര്‍ത്തെറിഞ്ഞ ദിവസമായിരുന്നു അന്ന്

ശംഭോ മഹാദേവാ !

New song released on 19.9.2021 Rakkinavil Vanna Neeyaru... by Saritha Rajeev Lyrics - Ramesh Kudamaloor  Music - Indusekhar M S